സംസ്ഥാനത്ത് വീണ്ടും കോളറ മരണം
ആലപ്പുഴ: സംസ്ഥാനത്ത് ഈ വര്‍ഷത്തെ രണ്ടാം കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയിലെ തലവടിയിലെ പി.ജി. രഘു (48) ആണ് കോളറ ബാധിച്ച് മരിച്ചത്. രഘു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പുലര്‍ച്ചെ മരണപ്പെട്ടത്. രണ്ടുദിവസം മുന്‍പ് രക്ത പരിശോധനയിലാണ് രഘുവിന് കോളറ സ്ഥിരീകരിച്ചത്. അതിന് മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. ഉറവിടം ഇതുവരെ വ്യക്തമല്ല, അതിനാല്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രഘുവുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ മരണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന് മുന്‍പ് തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരന് കോളറ ബാധിച്ച് മരിച്ചിരുന്നു. ഇയാള്‍ക്കും രോഗം എവിടെ നിന്നാണ് പകര്‍ന്നത് എന്നതും ഇതുവരെ കണ്ടെത്തിയിട്ടില്ല.