വന്ദേഭാരതില്‍ വിതരണം ചെയ്യാനായിരുന്ന പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ പഴകിയ ഭക്ഷണം പിടികൂടി. കടവന്ത്രയിലെ സ്വകാര്യ കാറ്ററിങ് സ്ഥാപനമായ ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന സ്ഥലത്തുനിന്നാണ് ആരോഗ്യവകുപ്പ് പരിശോധനയില്‍ ഈ ഭക്ഷണം കണ്ടെടുത്തത്. മുട്ട, സാമ്പാര്‍, ചപ്പാത്തി ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ ദുര്‍ഗന്ധം വിതച്ച് ഈച്ചയിറങ്ങുന്ന നിലയില്‍ കണ്ടെത്തി. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച പൊതികളും ഇവിടെനിന്ന് കണ്ടെടുത്തു. കൈവശം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനത്തിന് നേരത്തെയും മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് പിഴ ചുമത്തിയതായി അധികൃതര്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ അടങ്ങുന്ന പാചക ജീവനക്കാരും വൃത്തിഹീനമായ താമസസ്ഥലവും കൂടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള ഭക്ഷണം കവറുകളിലാക്കി വിവിധ ട്രെയിനുകളില്‍ വിതരണം ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അധികൃതരുടെ അന്വേഷണത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.