അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്
ലണ്ടന്‍: കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്ലീം സമൂഹത്തിന്റെ പശ്ചാത്തലത്തിലുള്ള കഥാസമാഹാരമായ 'ഹാര്‍ട്ട് ലാംപ്' എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാര്‍ഹയാക്കിയത്. കന്നഡയില്‍ എഴുതിയ ഈ രചന മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തി ഇംഗ്ലീഷിലേക്കാണ് വിവര്‍ത്തനം ചെയ്തത്. ഇന്ത്യയില്‍ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക കൃതിയാണിത്. അര്‍ധലക്ഷം പൗണ്ട് (ഏകദേശം 53 ലക്ഷം രൂപ) സമ്മാനത്തുക ബാനുവും ദീപ ബസ്തിയും തമ്മില്‍ പങ്കുവെക്കും. 1990 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ബാനു മുഷ്താഖ് രചിച്ച കഥകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് ‘ഹാര്‍ട്ട് ലാംപ്’. ആത്മകഥാംശമുള്ള ഈ കഥകള്‍ സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവയുമാണ്. മറ്റു ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത് ബ്രിട്ടന്‍-അയര്‍ലന്‍ഡ് മേഖലകളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്.