ഷൂട്ടൗട്ട് വിവാദത്തില്‍ മാപ്പ് പറഞ്ഞ് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കി സെമിഫൈനലിലെ ഷൂട്ടൗട്ട് വിവാദത്തില്‍ മാപ്പ് പറഞ്ഞ് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ (എഫ്.ഐ.എച്ച്). വെള്ളിയാഴ്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീമും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവമുണ്ടായത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ 3-0ന് പരാജയപ്പെട്ടിരുന്നു.
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലെ ആദ്യ കിക്കിലാണ് വിവാദമായ തീരുമാനമുണ്ടായത്. ഓസീസിന്റെ ആംബ്രോസിയ മലോണ്‍ എടുത്ത ആദ്യ കിക്ക് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത സേവ് ചെയ്തു. എന്നാല്‍ കിക്ക് എടുക്കുമ്പോള്‍ അധികൃതര്‍ കൗണ്ട്ഡൗണ്‍ ടൈമര്‍ ഓണ്‍ ചെയ്യാന്‍ മറന്നുവെന്ന കാരണം പറഞ്ഞ് ഓസീസ് ടീമിനോട് വീണ്ടും കിക്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തില്‍ മലോണ്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
'2022 ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകളും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തിലെ പെനാല്‍റ്റി ഷൂട്ടൗട്ട് അബദ്ധത്തില്‍ നേരത്തെ ആരംഭിച്ചു (കൗണ്ട്ഡൗണ്‍ ടൈമര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ലായിരുന്നു). അതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പെനാല്‍റ്റി കിക്ക് വീണ്ടും എടുക്കുക എന്നതാണ് നടപടിക്രമം, അതാണ് ചെയ്തതും. ഭാവിയില്‍ സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ സംഭവം എഫ്.ഐ.എച്ച് സമഗ്രമായി അവലോകനം ചെയ്യും.' - എഫ്.ഐ.എച്ച് പ്രസ്താവനയില്‍ പറഞ്ഞു.