Latest Updates

ട്വന്റി20 ടീമിലേക്ക് എന്തുകൊണ്ടു തന്നെ പരിഗണിക്കുന്നില്ലെന്ന് അറിയില്ലെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. അതേസമയം ടീം സിലക്ഷനെക്കുറിച്ച് അധികം ആലോചിക്കാറില്ലെന്നും ക്രിക്കറ്റിൽ ഏറ്റവും മികച്ചതു നൽകാനാണു ശ്രമമെന്നും ധവാൻ വ്യക്തമാക്കി.

‘‘സത്യസന്ധമായി പറഞ്ഞാൽ എന്തുകൊണ്ട് എന്നെ ടീമിലേക്കു പരിഗണിക്കുന്നില്ലെന്ന് എനിക്ക് അറിയില്ല. ഏറെക്കാലമായി ഞാൻ ഇന്ത്യയ്ക്കായി ട്വന്റി20 കളിച്ചിട്ടില്ല’’– ധവാന്‍ ഒരു ദേശീയ മാധ്യമത്തോടു ‍പറഞ്ഞു ‘‘ടീം സിലക്ഷനിൽ കൂടുതൽ ചിന്തിക്കാൻ തയാറായിട്ടില്ല. ലഭിച്ച അവസരങ്ങളെല്ലാം നന്നായി കളിക്കാനാണ് ഉപയോഗിക്കുന്നത്. ഐപിഎൽ, ആഭ്യന്തര ക്രിക്കറ്റ്, ഏകദിനം തുടങ്ങിയ മത്സരങ്ങളിലെല്ലാം നന്നായി ചെയ്യാനാണു ശ്രമം. എന്റെ നിയന്ത്രണത്തിലുള്ള കാര്യം അതുമാത്രമാണ്.’’– ധവാൻ വ്യക്തമാക്കി. ഏകദിന ക്രിക്കറ്റ് ഇപ്പോഴും ആസ്വദിച്ചു കളിക്കുന്നുണ്ടെന്നും ധവാൻ പറഞ്ഞു.

‘‘ ഏകദിന ക്രിക്കറ്റ് ഞാൻ വളരെയേറെ ആസ്വദിക്കുന്നുണ്ട്. ഏകദിന മത്സരങ്ങൾ കളിക്കാൻ ഇപ്പോഴും താൽപര്യമുണ്ട്. ടെസ്റ്റ്, ട്വന്റി20 മത്സരങ്ങൾക്ക് അതിന്റേതായ മൂല്യം ഉള്ളതുപോലെ, ഏകദിന ക്രിക്കറ്റും മികച്ചതാണ്. വിരാട് കോലി ഉടൻ തന്നെ ഫോമിലേക്കു തിരിച്ചുവരും. അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തെ തടയാൻ ഒന്നിനും സാധിക്കില്ല.’’– ധവാൻ പ്രതികരിച്ചു. ട്വന്റി20യിൽ 68 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ധവാന്‍ 11 അർധസെഞ്ചറികളടക്കം 1759 റൺസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെയാണ് അവസാനമായി താരം ട്വന്റി20 മത്സരം കളിച്ചത്.

Get Newsletter

Advertisement

PREVIOUS Choice