കളിക്കണമെന്ന് താരങ്ങളോട് യാചിക്കാൻ സാധിക്കില്ല. പലരും പണത്തിന്റെ പിന്നാലെ; സിമ്മൺസ്
പ്രമുഖ താരങ്ങൾ രാജ്യത്തിനുവേണ്ടി കളിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതിനെതിരെ ആഞ്ഞടിച്ച് െവസ്റ്റിൻഡീസ് മുഖ്യ പരിശീലകൻ ഫിൽ സിമ്മൺസ്. സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമാകാന്‍ താൽപര്യപ്പെടുന്നില്ലെന്ന് സിമ്മൺസ് ആരോപിച്ചു. ‘ട്വന്റി 20 ലോകകപ്പ് അടുത്തുവരികയാണ്. വെസ്റ്റിൻഡീസിനു വേണ്ടി കളിക്കണമെന്ന് താരങ്ങളോട് യാചിക്കാൻ സാധിക്കില്ല. പലരും പണത്തിന്റെ പിന്നാലെ പായുകയാണ്. ദേശീയ ടീമിനേക്കാള്‍ വലുത് മറ്റ് രാജ്യങ്ങളിലുള്ള ക്ലബ്ബുകളാണ്. നിലവിലുള്ള ടീമിനെയും കൊണ്ട് ട്വന്റി 20 ലോകകപ്പ് കളിക്കാനാകില്ല.
എല്ലാവരും വിന്‍ഡീസിനുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹം. രാജ്യത്തെക്കാളും വലുതായി താരങ്ങള്‍ മറ്റ് ഫ്രാഞ്ചൈസികളെ കണ്ടാല്‍ എനിക്കൊന്നും ചെയ്യാനില്ല.’’- സിമ്മൺസ് പറഞ്ഞു. മുന്‍ ട്വന്റി 20 ലോകചാംപ്യൻമാരായ വെസ്റ്റിൻഡീസ് തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. പ്രമുഖ താരങ്ങള്‍ ഏറെയുണ്ടെങ്കിലും പലരും ദേശീയ ടീമിൽനിന്ന് വിട്ടുനിൽക്കുകയാണ്.
ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, എവിന്‍ ലൂയിസ്, ഒഷെയ്ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ഫാബിയന്‍ അലന്‍, റോസ്റ്റണ്‍ ചേസ് തുടങ്ങിയ താരങ്ങളെല്ലാം ദേശീയ ടീമനോട് നിസഹകരണം പുലർത്തുകയാണ്. ഇതോടെയാണ് നിരാശനായ സിമ്മൺസ് വിട്ടുനിൽക്കുന്ന താരങ്ങൾക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.