Latest Updates

സിനിമയ്ക്കകത്തും പുറത്തും ഒരുപാട് ആരാധകരുള്ള താരമാണ് തമിഴ്നടൻ അജിത്. ആരാധകർ തല എന്ന് വിശേഷിപ്പിക്കുന്ന താരം പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും കരസ്ഥമാക്കിയിരിക്കുകയാണ് അജിത്. ബുധനാഴ്ച ട്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ സെന്റർ ഫയർ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ, 50 മീറ്റർ ഫ്രീ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ (ഐ.എസ്.എസ്.എഫ്) വിഭാഗങ്ങളിലാണ് അജിത് സ്വർണം നേടിയത്.

പുരുഷ വിഭാ​ഗം ഫ്രീ പിസ്റ്റൾ മെൻ ടീം, സ്റ്റാൻഡേർഡ് പിസ്റ്റൾ മെൻ ടീം വിഭാ​ഗങ്ങളിലാണ് അദ്ദേഹം വെങ്കലം നേടിയത്. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ അജിത് നേടിയിരുന്നു. 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു.

വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാംപ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി അജിത് എത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈ ആയിരുന്നു അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബോണി കപൂറായിരുന്നു നിർമാണം. ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. എ.കെ 61 എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജുവാര്യരാണ് നായിക.

Get Newsletter

Advertisement

PREVIOUS Choice