Latest Updates

'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. ഇതോടൊപ്പം 10, 12 ക്ലാസുകളില്‍ പഠിക്കുന്ന സാമൂഹ്യ പങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ആവശ്യമുള്ള മുഴുവന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഈ ഘട്ടത്തില്‍ത്തന്നെ ഉപകരണങ്ങള്‍ നല്‍കും.

പതിനാല് ജില്ലകളിലുമായി 45313 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് ഏറ്റവും ആദ്യം ഉപകരണങ്ങള്‍ ലഭിക്കാന്‍ സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിന്യസിച്ച ലാപ്‌ടോപ്പുകള്‍ തിരിച്ചെടുത്ത് നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന് കെ.എസ്.എഫ്.ഇ.-കുടുംബശ്രീ വഴി നടപ്പാക്കുന്ന 'വിദ്യാശ്രീ' പദ്ധതിയുടെ ഭാഗമായുള്ള ലാപ്‌ടോപ്പുകള്‍ 'വിദ്യാകിരണം' പദ്ധതിയ്ക്ക് വേണ്ടി ലഭ്യമായ സാഹചര്യത്തിലാണ് ഇപ്രകാരം ആദ്യഘട്ടത്തില്‍ 45313 പുതിയ ലാപ്‌ടോപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്.

 

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പുകള്‍ ഉറപ്പാക്കി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സംവിധാനത്തിന് കേരളത്തില്‍ തുടക്കമിടുന്നത്. ഡിജിറ്റല്‍ വിഭജനത്തെ ഇല്ലാതാക്കാനും പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവര്‍ക്ക് മുന്തിയ പരിഗണന നല്‍കി ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാക്കിയതിന്റെയും അനന്യമായ മാതൃകകൂടിയാണിത്. നവംബര്‍ മാസത്തില്‍ത്തന്നെ വിതരണം പൂര്‍ത്തിയാക്കും. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഇനി പൊതുവിഭാഗത്തിലുള്ളതും, ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിലുള്ളതുമായ ഏകദേശം 3.5 ലക്ഷം കുട്ടികളാണുള്ളത്. ഇവര്‍ക്ക് ഘട്ടംഘട്ടമായി ഉപകരണങ്ങള്‍ നല്‍കി സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠന സാധ്യതകൂടി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.  

Get Newsletter

Advertisement

PREVIOUS Choice