Latest Updates

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ക്യാംപസിൽ എസ് എഫ് ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു കെ എസ് യു പ്രവർത്തകന്റെ പേര് പറയാമോ എന്ന് മന്ത്രി ചോദിച്ചു. നൂറുകണക്കിന് കെ എസ്‌ യു പ്രവർത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരൻ പറയുന്നത്. പെരും നുണകളുടെ രാജാവാണ് കെ സുധാകരനെന്ന് മന്ത്രി പറഞ്ഞു.

 

35 ധീര സഖാക്കൾ നഷ്ടമായ പ്രസ്ഥാനമാണ് എസ് എഫ് ഐ. ഇതിൽ പന്ത്രണ്ട് പേരെ കൊന്നത് യൂത്ത് കോൺഗ്രസ്-  കെ എസ്‌ യു പ്രവർത്തകർ ആണ്. ജനങ്ങളുടെ പൊതുബോധത്തിൽ വിഷം കലക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും കെ എസ്‌ യുവും ശ്രമിച്ചിട്ടുള്ളത് എന്ന് എസ് എഫ് ഐ പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള തനിക്ക് വ്യക്തമാക്കാൻ കഴിയുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

 

ഉമ്മൻചാണ്ടി കെ എസ്‌ യു നയിച്ചിരുന്ന കാലത്ത് പോലീസ് നടപടിക്കിടെ ഓടയിൽ വീണു മരിച്ച ഗുജറാത്തി ആയ മുൾജി,  എങ്ങനെ രക്തസാക്ഷി എന്ന് കെ എസ്‌ യു  അവകാശപ്പെടുന്ന തേവര മുരളിയായത് എന്ന് മാധ്യമപ്രവർത്തകൻ എൻ.എൻ. സത്യവ്രതന്റെ 'വാർത്ത വന്ന വഴി' എന്ന പുസ്തകം വായിച്ചാൽ മനസ്സിലാകും. ആരോഗ്യപ്രശ്നങ്ങളാൽ മരിച്ച ഫോർട്ട് കൊച്ചിക്കാരനായ മുരളിയെ രക്തസാക്ഷി ആക്കിയ പാരമ്പര്യമാണ് സുധാകരന്റെ പ്രസ്ഥാനത്തിന് ഉള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ 1990 ൽ പുതിയവീട്ടിൽ ബഷീർ എന്ന കെ എസ്‌ യുവിന്റെ മാഗസിൻ എഡിറ്ററെ തല്ലിക്കൊന്നത് കെ എസ്‌ യുക്കാർ തന്നെയാണെന്നത് കെ. സുധാകരൻ ഓർക്കണം. നാലു പതിറ്റാണ്ടു മുമ്പ് നീലക്കൊടി പാറിയിരുന്ന കേരളത്തിലെ കലാലയങ്ങളിൽ കെ എസ് യു ഇല്ലാതായത് അവരുടെ കഠാര രാഷ്ട്രീയത്തിനെതിരായ വിദ്യാർഥികളുടെ നിലപാടു മൂലമാണ്. 

 

ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്-  കെ എസ്‌ യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അപമാനിക്കാനാണ് കെ സുധാകരൻ ശ്രമിക്കുന്നത്. സുധാകരന്റെ മൗനസമ്മതത്തോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Get Newsletter

Advertisement

PREVIOUS Choice