Latest Updates

പാർലമെന്റിൽ ഹാജരാകാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കേരള കോൺഗ്രസ് എംപി ശശി തരൂർ, “നമ്മുടെ സ്വന്തം പാർലമെന്റിൽ” സംസാരിക്കുന്നതിനേക്കാൾ വിദേശ പാർലമെന്റിലാണ് പ്രധാനമന്ത്രി കൂടുതൽ സംസാരിക്കുന്നതെന്നായിരുന്നു തരൂരിൻറെ വിമർശനം. മുൻ പ്രധാനമന്ത്രി ജവഹർതാൽ നെഹ്റുവിൻറെ വിപരീത സ്വഭാവമാണിതെന്നും തരൂർ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെയും പ്രധാനമന്ത്രി മോദിയുടെയും പ്രവർത്തന ശൈലി താരതമ്യം ചെയ്ത പുസ്തക പ്രകാശന ചടങ്ങിനിടെയാണ് കോൺഗ്രസ് എംപി ഈ പരാമർശം നടത്തിയത്. ജനാധിപത്യം, ജനാധിപത്യ സ്ഥാപനങ്ങൾ, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട ഇരു പ്രധാനമന്ത്രിമാരുടെയും പ്രത്യയശാസ്ത്രത്തെയും അദ്ദേഹം താരതമ്യം ചെയ്തു.

1962ലെ ഇന്ത്യ-ചൈന യുദ്ധം അനുസ്മരിച്ചുകൊണ്ട്, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പാർലമെന്റ് സമ്മേളനം വിളിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തെന്നും നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ഉന്നയിക്കാൻ അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് എംപി പറഞ്ഞു. ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ടും ഇന്ത്യ-ചൈന വിഷയങ്ങളിൽ ലോക്‌സഭയിലും രാജ്യസഭയിലും ചർച്ചകൾ നടക്കുന്നില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

ദേശീയവും അന്തർദേശിയവുമായ വിഷയങ്ങളിൽ സ്വന്തം നിലപാട് വ്യക്തമാക്കാൻ മടിയില്ലാത്ത അപൂർവ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് ശശി തരൂർ. പലപ്പോഴും പാർട്ടിയിൽ നിന്ന് തന്നെ അദ്ദേഹത്തിന് ശക്തമായ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice