Latest Updates

പാല, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളില്‍ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ഉപയോഗയോഗ്യമല്ലെന്ന് പഠനത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍     അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.     

തദ്ദേശസ്വയംഭരണ വകുപ്പു സെക്രട്ടറി, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍, കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ലാ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.    നവംബര്‍ 25 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.       കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഗുരുതര മലിനീകരണം കണ്ടെത്തിയത്.   

ജില്ലയിലെ അമ്പതിലധികം കുടിവെള്ള പദ്ധതികളുടെ  സ്രോതസ്സായ മീനച്ചിലാറിലെ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യവിസര്‍ജ്യ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  കോവിഡ് വ്യാപനത്തിന് മുമ്പും ശേഷവും നടത്തിയ താരതമ്യപഠനത്തിലാണ് കണ്ടെത്തല്‍.  മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ അടുക്കം മുതല്‍ ഇല്ലിക്കല്‍വരെ 10 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ സാമ്പിളുകളിലും ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  മീനച്ചലാറിന്റെ കരയില്‍ വ്യവസായ സ്ഥാപനങ്ങള്‍ കുറവായതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്നാണ് മാലിന്യങ്ങള്‍ എത്തുന്നതെന്നാണ് പഠനത്തില്‍ കാണുന്നത്.  പാലാ സ്വദേശി പി. പോത്തന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.  

Get Newsletter

Advertisement

PREVIOUS Choice