Latest Updates

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഭംഗിയായി കൈകാര്യം ചെയ്യുന്ന വനിത പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രം വൈറലാകുന്നു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ മോണിക്കാ സിംങ്ങും ഒന്നര വയസ്സുകാരി മകളുമാണ് വാര്‍ത്തകളില്‍ നിറയുന്നത്.   മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അലിരാജ്പൂരിലെ ഹെലിപാഡിലാണ് മോണിക്കാ സിങ്ങിന് ജോലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ജോലിക്കായി വീട്ടില്‍നിന്നും  ഇറങ്ങുമ്പോഴേക്കും മകള്‍ ഉണര്‍ന്നിരുന്നു. അമ്മയ്‌ക്കൊപ്പം വന്നേ തീരൂ എന്ന് വാശിപിടിച്ചു കരഞ്ഞ കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി പോരാന്‍ സാധിക്കാതെ വന്നതോടെ ഒപ്പം കൂട്ടുകയായിരുന്നു. ജോലിയില്‍ കൃത്യത പാലിക്കുന്നതിനൊപ്പം അമ്മ എന്ന നിലയിലുള്ള കടമയും നിറവേറ്റുന്നത് പ്രധാനമാണെന്ന് അറിയാവുന്നതിനാലാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മോണിക്ക സിങ് പറയുന്നു.    ക്യാരി ബാഗില്‍ മകളെ ഇരുത്തിയാണ് മോണിക്ക സിംഗ് ഹെലിപ്പാട് ഡ്യൂട്ടി ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുകയും ചെയ്തു. ഹെലിപ്പാഡില്‍വച്ച് മുഖ്യമന്ത്രി കുഞ്ഞിനെ ലാളിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുടെ  ജോലിയോടുള്ള സമര്‍പ്പണ മനോഭാവത്തെ അങ്ങേയറ്റം പ്രശംസിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തിന് അഭിമാനമാണ് മോണിക്കയെന്നും കുറിപ്പില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മോണിക്കയുടെയും മകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പോസ്റ്റ്. 

Get Newsletter

Advertisement

PREVIOUS Choice