Latest Updates

പെഗാസസ് വിഷയത്തില്‍ രാജ്യ സുരക്ഷാ താല്‍പ്പര്യം മുന്‍നിര്‍ത്തി വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇസ്രയേലി ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയയെന്നും സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.   

പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചുവെന്നാരോപിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അനധികൃത നിരീക്ഷണം നടന്നിട്ടുണ്ടെന്ന ആരോപണം പരിശോധിക്കാന്‍ വിദഗ്ദ്ധരുടെ ഒരു സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.   'ഒരു പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചോ ഇല്ലയോ എന്നത് ഒരു സത്യവാങ്മൂലത്തിന്റെ ഭാഗമാക്കാനോ പൊതു ചര്‍ച്ചാ വിഷയമാക്കാനോ കഴിയില്ല. എന്ത് സോഫ്‌റ്റ്വെയര്‍ ആണ് ഉപയോഗിക്കുന്നത് എന്ന് തീവ്രവാദ സംഘങ്ങള്‍ അറിയാന്‍ പാടില്ല,'' സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.   

''ഞങ്ങള്‍ വിഷയ വിദഗ്ദ്ധരുടെ ഒരു സമിതി രൂപീകരിക്കും. തങ്ങളുടെ ഫോണുകള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് പറയുന്ന ഹര്‍ജിക്കാരുടെ പരാതി സമിതിക്ക് പരിഗണിക്കാം. സമിതിയുടെ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ വയ്ക്കും,'' സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ''ഞങ്ങള്‍ ഉത്തരവ് പറയുന്നത് മാറ്റിവയ്ക്കുന്നു. ഇത് താല്‍ക്കാലിക ഉത്തരവാണ്. എന്തെങ്കിലും പുനര്‍വിചിന്തനം ഉണ്ടായാല്‍ ഈ കോടതിക്ക് മുമ്പാകെ നിങ്ങള്‍ക്ക് അത് രണ്ട്- മൂന്ന് ദിവസങ്ങള്‍ക്കകം സൂചിപ്പിക്കാം,''ചീഫ് ജസ്റ്റിസ് എന്‍വി രമണ കേന്ദ്രത്തോട് പറഞ്ഞു. അതേസമയം കോടതിയില്‍ ലഭ്യമായ എല്ലാ വസ്തുതകളും വിവരങ്ങളും വെളിപ്പെടുത്തേണ്ടത് കേന്ദ്രത്തിന്റെ കടമയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് കപില്‍ സിബല്‍ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice