Latest Updates

കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പുതിയൊരു അദ്ധ്യായം കൂട്ടിച്ചേര്‍ക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും യോഗം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും നികത്തില്ലെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്നും ഉറപ്പു വരുത്താന്‍ പദ്ധതിയിലൂടെ സാധിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് നമുക്ക് തിരിച്ചു പോകാനാകും. അധികം വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കണമെന്നും മന്ത്രി പറഞ്ഞു.

ഒരു പഞ്ചായത്തില്‍ ഒരു ഉല്‍പ്പന്നം എന്ന രീതിയിലേക്ക് എത്താനാകണം. കുടുംബശ്രീ വഴി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റിങ്ങിലൂടെ വിദേശത്തടക്കം വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സേവനം നല്‍കുന്നതില്‍ മാത്രമായി ഒതുങ്ങാതെ തൊഴില്‍ ദാതാവായി മാറണം. എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതി സര്‍വേയിലൂടെ ഏകദേശം അറുപതു ലക്ഷത്തോളം പേരെയാണ് തൊഴിലന്വേഷകരായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 15 നും 35 നും ഇടയില്‍ പ്രായമുള്ള 35 ലക്ഷത്തോളം ആളുകളെ ഉടനെ തൊഴിലിനു പ്രാപ്തമാക്കും. ഒരു വാര്‍ഡില്‍ ഒരു ഉദ്യോഗാര്‍ഥി എന്ന നിലയിലാണ് ആദ്യം തൊഴില്‍ ലഭ്യമാക്കുന്നത്. കൂടാതെ ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയിലൂടെ 80 ശതമാനത്തോളം സംരംഭകരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ സഹകരണം അത്യാവശ്യമാണ്. ചിലരെങ്കിലും ഫയലുകളില്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മൂന്നുവര്‍ഷത്തിനപ്പുറം ഒരു ഉദ്യോഗസ്ഥനും ഒരേ സ്ഥാനത്തു തുടരുന്നത് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

10,000 കൃഷി കൂട്ടങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം തന്നെ 25000 കൃഷിക്കൂട്ടങ്ങള്‍ പദ്ധതിയുടെ ഭാഗമായി. സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്ക് ഏകീകൃത ശൃംഖല കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഓരോ കൃഷി ഭവന്‍ കേന്ദ്രീകരിച്ചും ഓരോ ഉല്‍പ്പന്നം എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

Get Newsletter

Advertisement

PREVIOUS Choice