തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ 24ന് പ്രവർത്തനം തുടങ്ങും. മുംബൈ ട്രാവൽ റീട്ടെയിലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (TDF) എന്നായിരിക്കും പേര്.
അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്ലെറ്റുകൾ ഉണ്ടാകും. ഒരു സ്റ്റോർ ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാൻഡ്ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ വിഭാഗങ്ങളും ഉടൻ തുടങ്ങും.
അറൈവൽ ഏരിയയിൽ കൺവെയർ ബെൽറ്റിന് എതിർവശത്താണ് പുതിയ ഷോപ്പ്. യാത്രക്കാർക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കാൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുകളെ വിന്യസിക്കും.
ലോകമെമ്പാടുമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി TDF വാഗ്ദാനം ചെയ്യുന്നു. ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഉദ്ഘാടന ഓഫറുകളും സ്വർണ നാണയം ഉൾപ്പെടെ സമ്മാനങ്ങളുമുണ്ടാകും.
 
                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                





