Latest Updates

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. പൊതുവേ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന രോഗം ഇപ്പോള്‍ തെക്കേ അമേരിക്ക, യൂറോപ്പ്, കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാത്രം വളരെ അപൂര്‍വമായി കണ്ടുവന്നിരുന്ന രോഗമാണ് ഇപ്പോള്‍ വ്യാപകമായി പല രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വൈറസ് ബാധ മൂലമാണ് കുരങ്ങുപനി പ‌ടര്‍ന്നുപിടിക്കുന്നത്.‌‌ പനിയാണ് കുരങ്ങുപനിയുടെ പ്രാഥമിക രോഗലക്ഷണം. ശരീരത്തിൽ തടിപ്പും ചുണങ്ങും കാണപ്പെടാറുണ്ട്. രോഗിയുമായി അടുത്ത ശാരീരിക ബന്ധമുള്ളവരിലേക്ക് രോഗം പെട്ടെന്ന് പകരും. അതേസമയം രോഗം ബാധിച്ചുള്ള മരണങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നുള്ളത് ആശ്വാസകരമാണ്. സാധാരണഗതിയില്‍ കുരങ്ങുപനി അത്രയ്ക്ക് ഗുരുതരമാകാറില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

രോഗം ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗി സുഖം പ്രാപിക്കും. മൃഗങ്ങളിൽ നിന്നാണ് കുരങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ് ചെയ്യുന്നത്. 1958ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറ്റിയിട്ടുണ്ട്.

ഇതോടെ വിദേശയാത്രികരുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്. ഇതാവാം കുരങ്ങുപനി വ്യാപകമായി പടര്‍ന്നുപിടിക്കാനുള്ള കാരണമെന്ന അനുമാനത്തിലാണ് ആരോഗ്യവിദഗ്ധര്‍. കോവിഡ് പോലെ അത്ര അപകടകരമായ തോതില്‍ രോഗം വ്യാപിക്കില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കുരങ്ങുപനിക്കെതിരേ അതീവജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.

Get Newsletter

Advertisement

PREVIOUS Choice