Latest Updates

വേണ്ടത്ര തൊഴിലവസരമില്ലാതെ സംസ്ഥാനത്ത് ഭൂരിഭാഗം യുവതയും നട്ടം തിരിയുകയാണ്. ഇതിനിടെ മില്‍മ അധികൃതരുടെ അനാസ്ഥ മൂലം കൊല്ലം തേവള്ളിയിലെ ഡയറിക്ക് മുമ്പില്‍ ജോലി തേടി എത്തിയത് ആയിരങ്ങള്‍. പുതിയ ഭരണസമിതി അധികാരമേറ്റതിനുശേഷമുള്ള ആദ്യ അഭിമുഖമായിരുന്നു ഇന്നലെ. മില്‍മ ഡയറിയിലെ ഡ്രൈവര്‍ തസ്തികയിലേക്കുള്ള ഒരു താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖത്തിനാണ് ആയിരക്കണക്കിന് യുവാക്കള്‍ തടിച്ചുകൂടിയത്. കൊല്ലം തേവള്ളിയിലെ മില്‍മ ഡയറിയില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ആയിരുന്നു ഒഴിവ്.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംബന്ധിച്ച് മില്‍മ പത്രപരസ്യം നല്‍കിയിരുന്നു. ഒരു ഒഴിവു ഉണ്ടായിരുന്നതെങ്കിലും പരസ്യത്തില്‍ അത് വ്യക്തമായിരുന്നില്ല. ഇതാണ് വലിയ തിരക്കിനിടയാക്കിയത്. ശമ്പളമായി 17,000 രൂപയും നിയമാനുസൃതമായ മറ്റാനുകൂല്യങ്ങളും നല്‍കുമെന്നതും സമീപ ജില്ലയില്‍ നിന്ന് അടക്കമുള്ള ഉദ്യോഗാര്‍ത്ഥികളെ കൊല്ലത്ത് എത്തിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ മില്‍മ ഡയറിയുടെ മുന്നിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്കായിരുന്നു. വലിയ കൂട്ടം ആയതോടെ നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെട്ടു. 

വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പാടുപെട്ടു. സാമൂഹിക അകലം പാലിക്കുക ഉള്‍പ്പെടെ കോവിഡ് മാനദണ്ഡം പാലിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അഭിമുഖത്തിനായി ഓഫീസിലേക്ക് പ്രവേശിപ്പിച്ച അവരില്‍നിന്ന് ബയോഡേറ്റ പോലും വാങ്ങി ഇല്ലെന്നും പേരും ഫോണ്‍ നമ്പറും വാങ്ങി തിരികെ വിടുകയായിരുന്നു എന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

Get Newsletter

Advertisement

PREVIOUS Choice