Latest Updates

ജില്ലകള്‍ തോറും സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിക്ക് പിന്നാലെ 'മീറ്റ് ദ ഇന്‍വെസ്റ്റര്‍' ആശയ വിനിമയ പരിപാടിയുമായി വ്യവസായ മന്ത്രി പി.രാജീവ്. നൂറു കോടി രൂപക്ക് മുകളില്‍ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി വ്യവസായ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന സ്ഥിരം ആശയ വിനിമയ വേദിയാണ് മീറ്റ് ദ ഇന്‍വെസ്റ്റര്‍. പരിപാടിക്ക് സെപ്തംബര്‍ 15ന്  തുടക്കം കുറിക്കും.  

ഓരോ സംരംഭകരുടേയും വ്യവസായികളുടേയും അഭിപ്രായങ്ങള്‍ തേടുകയും സര്‍ക്കാര്‍ തലത്തില്‍ ആവശ്യമുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. നിലവിലുള്ള പദ്ധതികള്‍ക്ക് പുറമേ, പുതിയ നിക്ഷേപ പദ്ധതികള്‍, വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ തുടങ്ങിയവയും ആലോചനാവിഷയമാകും. നിലവിലുള്ള നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ധാത്രി, സിന്തൈറ്റ്, നിറ്റ ജെലാറ്റിന്‍ എന്നീ വ്യവസായ ഗ്രൂപ്പുകളുമായി വെവ്വേറെ ഇന്ന് കൂടിക്കാഴ്ച നടത്തും.  

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംരംഭകരുടെ പരാതി പരിഹരിക്കുന്നതിന് ജില്ലതോറും നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. 9 ജില്ലകളില്‍ മീറ്റ് ദ മിനിസ്റ്റര്‍ പൂര്‍ത്തിയായി. മറ്റുള്ള ജില്ലകളില്‍ ഉടനെ നടക്കും. ഇതോടൊപ്പം ഓരോ ജില്ലകളിലേയും പ്രധാന നിക്ഷേപകരുമായി മുഖാമുഖവും നടത്തിയിരുന്നു. ഫിക്കി , സി. ഐ.ഐ, ചെറുകിട വ്യവസായ അസോസിയേഷന്‍, പ്രവാസി സംരംഭകര്‍ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയിലാണ് ഓരോ സംരംഭക ഗ്രൂപ്പിന്റേയും വിഷയങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നതിന് വേദിയൊരുക്കുന്നതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice