Latest Updates

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 

 

തദ്ദേശ സ്വയംഭരണസ്ഥാപന പരിധിക്കുള്ളിൽ നടക്കുന്ന പൊതു, സ്വകാര്യ പരിപാടികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ നിശ്ചിത എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളു എന്ന് ഉറപ്പാക്കുകയും അതിന് ആവശ്യമായ മുൻകരുതലുകൾ കെെക്കൊള്ളുകയും നിർദ്ദേശം നൽകുകയും വേണമെന്ന് മന്ത്രി പറഞ്ഞു. 

 

കുട്ടികൾക്കും വാക്സിനെടുക്കാൻ ബാക്കിയുള്ളവർക്കും ത്വരിതഗതിയിൽ വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന് ആരോഗ്യവകുപ്പിന് ആവശ്യമായ സഹായം ഉറപ്പാക്കണം. രോഗപരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ സ്വൗകര്യങ്ങൾ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമാകുന്നുവെന്ന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. 

 

സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നല്‍കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice