Latest Updates

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നേത്രരോഗ വിഭാഗം കഴിഞ്ഞ ദിവസം 110കാരന്റെ തിമിര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. വണ്ടൂര്‍ സ്വദേശി രവിയാണ്  തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ചയുടെ ലോകത്തേക്ക് തിരിച്ചെത്തിയത്. അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയില്‍ രവിയും കുടുംബവും സന്തുഷ്ടരാണ്. 

മികച്ച ചികിത്സ നല്‍കി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഈ പ്രായത്തിലുള്ളയാളുടെ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ഡോക്ടര്‍മാര്‍ മാതൃകയാണ്. ഇത്രയും ആത്മവിശ്വാസമുള്ള രവി എല്ലാവര്‍ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

രണ്ടു കണ്ണുകളിലും യുവിയൈറ്റിസും തിമിരവും ബാധിച്ച് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മഞ്ചേരി മെഡിക്കല്‍ കോളജ് നേത്ര രോഗവിഭാഗത്തില്‍ എത്തിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റ് അസുഖങ്ങളും ശസ്ത്രക്രിയയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചു. എങ്കിലും പ്രതീക്ഷയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

നേത്രരോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതൃത്വത്തില്‍ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പി.എസ്.രേഖ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണാ ദത്ത്, അസിസ്റ്റന്റ് പ്രഫസര്‍ ഷുഹൈബ് അബൂബക്കര്‍ എന്നിവരുമുണ്ടായിരുന്നു.

Get Newsletter

Advertisement

PREVIOUS Choice