Latest Updates

  തെരഞ്ഞെടുപ്പ് സമയത്ത്  ആരെയും അമ്പരിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്നത്. ഈ  വാഗ്ദാനങ്ങള്‍ എന്തെങ്കിലും നടപ്പിലാക്കുമോ എന്ന ചോദ്യമൊന്നും പാടില്ല. പക്ഷേ നല്‍കിയ വാഗ്ദാനങ്ങളൊക്കെ സൗകര്യപൂര്‍വ്വം മറന്ന് ഓച്ഛാനിച്ചുനില്‍ക്കുന്ന വോട്ടര്‍മാരെ കാണാനെത്തുക എന്നതാണ് ജയിച്ചവരുടെ പതിവ്.    

എന്നാല്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ തോറ്റ സ്ഥാനാര്‍ഥി നടപ്പിലാക്കുക എന്ന കൗതുകകരമായ വാര്‍ത്തയും ഇടയ്ക്ക് കേള്‍ക്കാറുണ്ട്. തൃശൂരും പാലക്കാടും നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിരുന്ന സുരേഷ് ഗോപിയും ഇ ശ്രീധരനും തങ്ങളുടെ ചില വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനായി ശ്രമിക്കുന്നവരാണ്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ സ്ഥാനാര്‍ത്ഥി താന്‍ നല്‍കിയ വാക്കുപാലിക്കാനായി ലക്ഷങ്ങള്‍ വില കിട്ടുന്ന സ്ഥലം വെറുതേ നല്‍കിയാലോ. 

അത്തരമൊരു സംഭവമാണ്  കൊണ്ടോട്ടിയില്‍ നടക്കുന്നത്. സ്വന്തമായി സ്ഥലം ഇല്ലാത്ത കോളനി നിവാസികള്‍ക്ക് നല്ല റോഡ് യാഥാര്‍ഥ്യമാക്കി കൊടുക്കുകയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സുല്‍ഫിക്കര്‍ ബാബു. തെരഞ്ഞെടുപ്പില്‍ ജയിച്ച് മെമ്പര്‍ ഒന്നുമായില്ലെങ്കിലും  കോളനിവാസികളഉടെ  ഏറെ കാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്യുമെന്നാണ് ഇദ്ദേഹം പറയുന്നത്.  മുതുവല്ലൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ആയിരുന്നു സുല്‍ഫിക്കര്‍ ബാബു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.  ഈ വാര്‍ഡിലെ കോളനി നിവാസികള്‍ക്കായി  സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു നല്‍കി വഴി നിര്‍മ്മിച്ചു നല്‍കുകയാണ് ഇദ്ദേഹമിപ്പോള്‍. വഴിക്ക് വേണ്ട സ്ഥലം തെളിച്ചെടുത്തു കഴിഞ്ഞു. ഇനി അളന്ന് തിട്ടപ്പെടുത്തി സ്ഥലം പഞ്ചായത്തിന് കൈമാറാനുള്ള നീക്കത്തിലാണ് ബാബു.  

Get Newsletter

Advertisement

PREVIOUS Choice