Latest Updates

വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെ അറിയാന്‍ ശലഭോദ്യാനം പദ്ധതി ഗുണം ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം  നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പി ടി എയും കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായംകുളം ഗവണ്‍മെന്റ് യുപി സ്‌കൂളിലായിരുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം.  

പൂമ്പാറ്റകള്‍ സമൃദ്ധമായി സ്‌കൂള്‍ ക്യാമ്പസില്‍ ഉണ്ടാകും വിധം ചെടികള്‍ നട്ടു പരിപാലിക്കുന്നതിനായി നടപ്പിലാക്കുന്ന പരിപാടിയാണ് ശലഭോദ്യാനം. സംസ്ഥാനത്തെ താല്പര്യമുള്ള പൊതുവിദ്യാലയങ്ങളില്‍ ആണ് ശലഭോദ്യാനം പദ്ധതി തുടങ്ങുന്നത്. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളിലെ അധ്യാപക പ്രതിനിധികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ഓണ്‍ലൈന്‍ പരിശീലനം നല്‍കും. സ്‌കൂളുകളില്‍ ശലഭ ക്ലബുകള്‍ രൂപീകരിക്കും.   പ്രകൃതിയുമായി ഇണങ്ങിച്ചേരാനും കുട്ടികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്താനും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഷഡ്പദങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളേയും പ്രോത്സാഹിപ്പിക്കും. ഇതിനായി ബ്രോഷറുകളും കൈപ്പുസ്തകങ്ങളും തയ്യാറാക്കി നല്‍കും. മികച്ച പദ്ധതികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കും. പ്രത്യേക ക്വിസ് പ്രോഗ്രാം,വെബിനാറുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. സമഗ്ര ശിക്ഷാ കേരളം ഇതിന് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കും.

Get Newsletter

Advertisement

PREVIOUS Choice