Latest Updates

'ആതി ദേശം'.....ചുറ്റും വെള്ളത്താലും (കായല്‍) കണ്ടല്‍ക്കാടുകളാലും ചുറ്റപ്പെട്ടുകിടക്കുന്ന, മഹാനഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം. കണ്ടല്‍ച്ചെടികളും കായലില്‍ നിന്ന് മുങ്ങി വാരിയെടുക്കുന്ന ചെളിയുമുപയോഗിച്ച് നിര്‍മ്മിക്കുന്ന ബണ്ടിനകത്ത് 6 മാസം നെല്‍കൃഷിയും 6 മാസം ചെമ്മീന്‍ കൃഷിയും നടത്തി, നിത്യ ജീവിതം തള്ളിനീക്കുന്ന വലിയ മോഹങ്ങളൊ സ്വപ്നങ്ങളൊ ഇല്ലാത്ത നിഷ്‌കളങ്കരായ ഒരു മനുഷ്യസമൂഹം.  എല്ലാത്തിനും അനുഗ്രഹമായി ആതി ദേശത്തിന്റെ തമ്പുരാന്‍ അവരില്‍ അനുഗ്രഹം ചൊരിയുന്നു.  

ആതിയിലെ ദേശക്കാര്‍ക്ക് കാതിനും മനസ്സിനും അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും പകരുന്നതിനായി തോണിക്കടവില്‍ കഥപറച്ചിലുകാരന്‍ കൃത്യമായ ഇടവേളകളില്‍ എത്തുന്നു. അമ്മ മരിച്ചു കിടന്നാല്‍ പോലും കഥ പറച്ചിലുകാരന്‍ എത്തിയാല്‍ കഥാ സായാഹ്നം നടത്തണമെന്നും അതില്‍ പ്രായഭേദമന്യേ ഏവരും പങ്കെടുക്കണമെന്ന നീതി ഉണ്ടായിരുന്ന ആതി.  

നൂര്‍ മുഹമ്മദ് എന്ന കഥപറച്ചിലുകാരന്റെ വായ് മലരുകളില്‍ കാതോര്‍ത്ത് അതിന്റെ സാരാംശം സ്വജീവിതത്തിലെങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ചിന്തിക്കുന്ന പച്ചയായ മനുഷ്യര്‍.  നീരുറവയില്‍ നിന്ന് ഒരു ജീവിതവും ഒരു വീടും ഒരു ജനതയും കെട്ടിപ്പടുക്കുന്ന ഹാഗറിന്റെ കഥയിലൂടെ ജലത്തിന്റെ പ്രസക്തി മനസ്സിലാക്കിക്കൊടുക്കുന്നു കഥാപറച്ചിലുകാരന്‍. ഏത് കഥ പറയുമ്പോഴും ഒടുവില്‍ കേള്‍വിക്കാരെക്കൊണ്ട് കഥാകാരന്‍  പ്രതിജ്ഞയെടുപ്പിക്കുന്നു.... ജലം സാക്ഷി.... ജലം സാക്ഷി.... ജലം സാക്ഷി.  

ദിനകരന്‍, കുമാരന്‍, കുഞ്ഞി മാതു, സിദ്ധു, ബാജി, മാര്‍ക്കോസ്, പൊന്മണി, അമ്പു, ഷൈലജ, ചക്കംകണ്ടം ചന്ദ്രമോഹന്‍, ഇടനിലക്കാരന്‍, കൊമ്പന്‍ ജോയി  മാജിക്കാരന്‍, കറുത്ത കണ്ണടക്കാരന്‍ അനേകം മറ്റു ദേശവാസികള്‍ എന്നിവരിലൂടെ ആതി മുന്നോട്ടു പോകുന്നു.  

വികസനം.. മനുഷ്യന്റെ ശമനമില്ലാത്ത സുഖാസക്തിയില്‍പ്പെട്ട് ആതി ഉഴലുന്നു. അതില്‍ ആസക്തിപൂണ്ട ഒരുപറ്റം യുവാക്കള്‍ എല്ലാത്തിനേയും തള്ളിപ്പറയുന്നു. ആതിയിലെ ചുറുചുറുക്കുള്ള കര്‍ഷകനായിരുന്ന കുമാരന്‍ ആതിക്ക് പുറത്ത് വിശാലമായ ലോകത്തിലേക്ക് ആസക്തനായി തന്റെ മണ്ണിനേയും  പെണ്ണായ കുഞ്ഞി മാതുവിനേയും വിട്ട് നാടുവിടുന്നു. ഇതേ കുമാരന്‍ കുബേരനായി വര്‍ഷങ്ങള്‍ക്ക് ശേഷം ആതിയില്‍ തിരിച്ചെത്തുന്നു. പല കപട വാഗ്ദാനങ്ങളിലൂടെയും കോടികളുടെ വികസനം ആതിയില്‍ താന്‍ നടത്തുമെന്നും അത് വഴി  യുവാക്കള്‍ക്ക് തൊഴിലും കൂലിയും ലഭിക്കുമെന്നും ചെളിയിലും വെള്ളത്തിലും അല്ല ജീവിക്കേണ്ടതെന്ന പ്രചരണത്തിലും പെട്ട് ആതിയില്‍ സംഘര്‍ഷം ഉരുണ്ടു കൂടുന്നു. ആതി രണ്ടായി പിളരുന്നു.  

ആതിയില്‍ വന്‍വികസന പദ്ധതിയുമായി എത്തുന്ന കുമാരനെ അനുകൂലിച്ച് ചെറുപ്പക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരു വശത്തും  പാരമ്പര്യകൃഷിക്കാര്‍  മറുഭാഗത്തുമായി പോരടിക്കുന്നു. വികസനത്തിന്റെ ഭാഗമായി ആദിയിലേക്ക് പാലം, റോഡുകള്‍ എന്നിവ വരുന്നു.  നഗര മാലിന്യങ്ങള്‍ തള്ളുന്നയിടമായി ആദിയിലെ കൃഷിയിടങ്ങള്‍ മാറുന്നു. നെല്‍കൃഷിയിടങ്ങള്‍ നികത്തുവാനെത്തുന്ന ടിപ്പര്‍ ലോറികള്‍ ദിവസങ്ങളോളം  ആതി ദേശക്കാര്‍ തടഞ്ഞിടുക വഴി പോലീസ് നടപടികള്‍ ഉണ്ടാകുന്നു. നഗരത്തില്‍ നിന്നും കക്കൂസ് മാലിന്യ മടക്കമുള്ളവ ആതിയില്‍ തള്ളുക വഴി പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയും ഇരുപതോളം കുട്ടികള്‍ മരണപ്പെടുകയും ചെയ്തു. അതോടെ ആതിദേശക്കാരുടെ ചെറുത്ത് നില്‍പ്പിന് മാധ്യമ ശ്രദ്ധ നേടുകയും പ്രശ്‌ന പരിഹാരത്തിന് കോടതിയിടപെടലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.  

സമരത്തീച്ചൂളയില്‍ നില്‍ക്കുന്ന ആതിയിലേക്ക്  കഥപറച്ചിലുകാരന്‍ വീണ്ടുമെത്തുന്നു. നൂര്‍ മുഹമ്മദിന് പകരം ഇത്തവണ സാരോപദേശ കഥകളുമായെത്തുന്നത് ദിനകരന്‍ തന്നെയാണ്. 3 വ്യത്യസ്ത കഥകള്‍ ദിനകരന്‍ പറയുന്നതോടെ ദേശക്കാരില്‍ കൈയ്യേറ്റക്കാരോടുള്ള എതിര്‍പ്പ് കൂടുകയും, അപ്പോഴേക്കും അഡ്വ. ഗ്രെയ്‌സിന്റെയും ദിനകരന്റെയും നിരന്തരമായ ശ്രമത്താല്‍  വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുള്ള കോടതി ഉത്തരവ് എത്തുകയും ചെയ്യുന്നു. അതോടെ ആതി, ഒട്ടേറെ നഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും പഴയ ആതിയിലേക്ക് തിരിച്ചു പോകാന്‍ ശ്രമിക്കുന്നു.  

ചുരുക്കിപ്പറഞ്ഞെങ്കിലും ഒട്ടേറെ സംഭവ വികാസങ്ങളുള്ള, കഥ പറച്ചിലുകാരനിലൂടെ ദേശക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്ന രീതിയിലുള്ള അവതരണ രീതി.   

നമ്മുടെ ജില്ലയിലെ വല്ലാര്‍പ്പാടം, പുതുവയ്പ്, മൂലമ്പിള്ളി തുടങ്ങിയ പ്രദേശങ്ങളും  കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന വാഗ്ദാന ലംഘനങ്ങളുമൊക്കെ ഇത് വായിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നു.   

അനില്‍ ഞാളുമഠം

Get Newsletter

Advertisement

PREVIOUS Choice