Latest Updates

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡല്‍ നേടിത്തന്നതില്‍ നെടുംതൂണായ മലയാളി താരം പിആര്‍  ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം  പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ടോക്യോയില്‍ ജര്‍മ്മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും ഹോക്കിയിലെ സമര്‍പ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികം. ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ കോട്ടകാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.   

ബിസിസിഐ അടക്കമുള്ള കായിക സമിതികള്‍ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ ഷംഷീര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബായില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമര്‍പ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും  വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്നു പ്രതീക്ഷ പങ്കുവച്ചു.   

'മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയില്‍ ഈ നേട്ടത്തില്‍ എനിക്കും അഭിമാനമുണ്ട്.' ഹോക്കിയില്‍ രാജ്യത്തിനുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീ യുവാക്കളെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

ഒരു മലയാളിയില്‍ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്നായിരുന്നു സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ടോക്കിയോയില്‍ നിന്ന് പങ്കുവച്ച ശബ്ദസന്ദേശത്തില്‍ ശ്രീജേഷിന്റെ പ്രതികരണം. അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ പ്രതിനിധികള്‍ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടിരൂപ പാരിതോഷികം കൈമാറും. 

Get Newsletter

Advertisement

PREVIOUS Choice