9531 കോടി നഷ്ടപരിഹാരം: ഇത്രയും തുക താങ്ങാനാവില്ലെന്ന് എംഎസ്‌സി കപ്പല്‍ കമ്പനി
കൊച്ചി: കേരള തീരത്ത് ഉണ്ടായ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരം കെട്ടിവെയ്ക്കാനാകില്ലെന്ന നിലപാട് എംഎസ്‌സി കപ്പല്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു. തങ്ങളുടെ ശേഷിക്ക് അതീതമായ തുകയാണിത് എന്ന് കമ്പനിയുടെ വാദം. സംസ്ഥാന സര്‍ക്കാര്‍ നൽകിയ അഡിമിറാലിറ്റി ഹര്‍ജിയില്‍, കടലിലെ പാരിസ്ഥിതിക നാശം, തീരദേശ മേഖലയ്ക്ക് സംഭവിച്ച ബാധകള്‍, മത്സ്യ തൊഴിലാളികളുടെ ദുരിതം, സമുദ്രജീവജാലത്തിന് സംഭവിച്ച ദോഷം തുടങ്ങി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എത്ര തുക കെട്ടിവെക്കാനാകുമെന്ന് കമ്പനി അറിയിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഓഗസ്റ്റ് 6 ലേക്ക് മാറ്റി. ഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് വിഴിഞ്ഞത്തെത്തിയ എംഎസ്‌സി കമ്പനിയുടെ അക്വിറ്റേറ്റ കപ്പലിനെ കോടതി നേരത്തെ അറസ്റ്റ് ചെയ്ത് സൂക്ഷിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി തീര്‍പ്പാകുന്നതുവരെ കപ്പലിന്റെ അറസ്റ്റ് നീട്ടിയ ഹൈക്കോടതിയുടെ ഉത്തരവോടെയാണ് ഇപ്പോഴത്തെ നടപടികള്‍ മുന്നോട്ട് പോകുന്നത്.