25 രൂപ നിരക്കില്‍ 20 കിലോ അരി, കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ; ഓണ വിപണിയില്‍ ഇടപെടാന്‍ സപ്ലൈകോ
തിരുവനന്തപുരം: വിപണി ഇടപെടലിന്റെ ഭാഗമായി ഓണം പ്രമാണിച്ച് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനില്‍. ബിപിഎല്‍- എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ ഇത്തവണ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുമെന്നും മന്ത്രി അറിയിച്ചു. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ നാലു വരെ ഓണക്കിറ്റ് വിതരണം ചെയ്യും. അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരിക്കുക. പഞ്ചസാര-ഒരുകിലോ, വെളിച്ചെണ്ണ-അരലിറ്റര്‍, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയര്‍ പരിപ്പ്-250 ഗ്രാം, വന്‍പയര്‍-250 ഗ്രാം, കശുവണ്ടി-50 ഗ്രാം, നെയ്യ്-50 എംഎല്, തേയില-250 ഗ്രാം, പായസം മിക്സ്-200 ഗ്രാം, സാമ്പാര്‍ പൊടി-100 ഗ്രാം, ശബരി മുളക്-100 ഗ്രാം, മഞ്ഞള്‍പ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പ്-ഒരുകിലോ - എന്നിവയാണ് സാധനങ്ങള്‍. ഓണച്ചന്ത ഓഗസ്റ്റ് 25 മുതല്‍ തുടങ്ങും. വെളിച്ചെണ്ണ വില കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 25 മുതല്‍ വെളിച്ചെണ്ണയ്ക്ക് ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വലിയ തോതിലുള്ള വിപണി ഇടപെടലാണ് സപ്ലൈകോ നടത്തുന്നത്. കഴിഞ്ഞ മാസം 32 ലക്ഷം ജനങ്ങളാണ് സപ്ലൈകോയില്‍ എത്തിയത്. 168 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് വാങ്ങിയത്. ഇത് ഒരു ചെറിയ സംഖ്യയല്ല. സപ്ലൈകോ വിപണിയില്‍ വലിയതോതില്‍ ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്രയും കോടി രൂപയുടെ വില്‍പ്പന. ഇന്നലെ വരെ 21 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയില്‍ വന്നത്. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 200 കോടി കടന്നു. ഓണം ലക്ഷ്യമിടുന്നത് കുറഞ്ഞത് 300 കോടിയാണ്. 50ലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ സപ്ലൈകോയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍ എന്നും മന്ത്രി പറഞ്ഞു.