'സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ 10 മിസൈൽ ഉപയോഗിച്ച് തകർക്കും
ഫ്ലോറിഡ: ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ''ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ല. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും.'' അസിം മുനീർ പറഞ്ഞു. ഫ്ലോറിഡയിലെ ടാമ്പയിൽ വ്യവസായി അദ്‌നാൻ അസദ് സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കവേയാണ് അസിം മുനീർ ഭീഷണി മുഴക്കിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്റെ സ്ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ അമേരിക്കയിൽ എത്തിയതാണ് പാക് സൈനിക മേധാവി. 'സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. പാകിസ്ഥാന് മിസൈൽ ക്ഷാമമില്ല. ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇനിയും ഭീഷണി തുടർന്നാൽ പാകിസ്ഥാൻ ആണവായുധങ്ങൾ പ്രയോഗിക്കും. ഇന്ത്യയ്‌ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കൻ ഇന്ത്യയിലാകും പാകിസ്ഥാൻ ആദ്യം ആക്രമണം അഴിച്ചുവിടുക. തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന്' പാകിസ്ഥാൻ സൈനിക മേധാവി പറഞ്ഞു. 'സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 മില്യൻ ജനങ്ങളെ അപകടത്തിലാക്കിയേക്കാം എന്നും അസിം മുനീർ പറഞ്ഞു. ‘‘ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അണക്കെട്ട് നിർമ്മിച്ചാൽ 10 മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. പാകിസ്ഥാന് മിസൈലുകൾക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത് ‘ അസിം മുനീർ പറഞ്ഞു. 'ഇസ്ലാമിക കൽമയുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാൻ . അതിനാൽ അല്ലാഹു ഊർജ്ജവും പ്രകൃതി വിഭവങ്ങളും നൽകി അനുഗ്രഹിക്കും . പ്രവാചകൻ മുഹമ്മദ് ഇസ്ലാമിക ഭരണത്തിന് അടിത്തറയിട്ട മദീനയെപ്പോലെ പാകിസ്ഥാനും അനുഗ്രഹിക്കപ്പെടുമെന്നും അസിം മുനീർ പറഞ്ഞു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈനിക മേധാവി അമേരിക്കയിൽ സന്ദർശനം നടത്തുന്നത്.