'ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം'; പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്കും അച്ഛന്റെ പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന സുപ്രധാന ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. കോഴിക്കോട് സബ്കോടതി ഉത്തരവിനെതിരെ എന്‍പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ് ഈശ്വരന്റെ ഉത്തരവ്. ഹിന്ദു പിന്‍തുടര്‍ച്ചാവകാശ ഭേദഗതി നിയമം, 2005 പ്രകാരം, 2004 ഡിസംബര്‍ 20ന് ശേഷം മരണപ്പെട്ട അച്ഛന്‍റെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 1975ലെ കേരള കൂട്ടുകുടുംബ നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ 2005ലെ ഭേദഗതി നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും അതിനാല്‍ അവ നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. "ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം" എന്ന സ്‌കന്ദപുരാണ വാക്യവും, പെണ്‍മക്കളെ ലക്ഷ്മി ദേവിയോട് ഉപമിക്കുന്ന ഒരു സന്ദര്‍ഭവും, വിധിയില്‍ കോടതി ശ്രദ്ധയാകര്‍ഷിച്ച ഘടകങ്ങളാണ്. ഈ വചനങ്ങള്‍ ഉപയോഗിച്ചാണ് ജസ്റ്റിസ് എസ്.ഈശ്വരന്‍ തുല്യാവകാശത്തിന് നിയമപരമായ ഊര്‍ജം നല്‍കിയത്. 1975ലെ നിയമപ്രകാരം പാരമ്പര്യ സ്വത്തില്‍ ജന്മാവകാശമില്ലെന്നും അവിടെ കൂട്ടവകാശം മാത്രമാണെന്നും പറയുന്ന വ്യവസ്ഥകള്‍ ഇനി നിലനില്‍ക്കില്ല. 2005ലെ ഭേദഗതി നിയമം എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കുന്നതാണെന്നും, അതിനാല്‍ പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കളെ വഞ്ചിക്കാനാകില്ലെന്നും കോടതി പറഞ്ഞു.