Latest Updates

കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് കുടുംബ ബജറ്റിന്റെ താളംതെറ്റിച്ച വെളിച്ചെണ്ണ വില കുറയുന്നു. നിലവില്‍ പൊതുവിപണിയില്‍ 390-400 രൂപയാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 500 രൂപയില്‍ കൂടുതലായിരുന്നു വെളിച്ചെണ്ണ വില. ആളുകള്‍ വെളിച്ചെണ്ണയ്ക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടി പോകുന്നതിനിടെയാണ് വില കുറഞ്ഞത്. പൊതുവിപണിയില്‍ വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും ഇടപെടല്‍ നടത്തി. സര്‍ക്കാരിന് കീഴിലുള്ള കേരളഫെഡ് പുറത്തിറക്കുന്ന കേര വെളിച്ചെണ്ണയുടെ വില കുറച്ചു. പുതിയ വിലയായ 479 രൂപ ഇന്ന് നിലവില്‍ വരും. കേര വെളിച്ചെണ്ണ ഒരു ലിറ്ററിന്റെ വില 529 രൂപയില്‍ നിന്ന് 479 ആയും അര ലിറ്ററിന്റേത് 265ല്‍ നിന്ന് 240 ആയുമാണ് കുറച്ചത്. ഭക്ഷ്യമന്ത്രി നല്‍കിയ നിര്‍ദേശം കണക്കിലെടുത്താണ് കേരഫെഡിന്റെ തീരുമാനം. എന്നാല്‍ ഈ വില പൊതുവിപണിയിലേതിലും കൂടുതല്‍ ആണെന്നും സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൊതുവിപണിയില്‍ 390-400 രൂപയ്ക്ക് വെളിച്ചെണ്ണ ലഭിക്കുമ്പോഴാണ് 479 രൂപയ്ക്ക് കേര വെളിച്ചെണ്ണ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. ജൂലൈ 18നാണ് കേരള വെളിച്ചെണ്ണയുടെ വില കുത്തനെ ഉയര്‍ത്തി 529 ആക്കിയത്. വെളിച്ചെണ്ണയുടെ വിപണി വിലയ്ക്ക് അനുസൃതമായി 120 രൂപയുടെയെങ്കിലും കുറവ് വരുത്തി ഓണത്തിന് ന്യായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാന്‍ കേരഫെഡിന് ഇപ്പോള്‍ കഴിയും. എന്നാല്‍ 50 രൂപ മാത്രം കുറയ്ക്കാനുള്ള തീരുമാനം കേരഫെഡിന്റെ ഓണവില്‍പ്പനയ്ക്ക് വന്‍തിരിച്ചടിയാകുമെന്ന് ജീവനക്കാരും ആശങ്കപ്പെടുന്നുണ്ട്.

Get Newsletter

Advertisement

PREVIOUS Choice