Latest Updates

തിരുവനന്തപുരം: ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത അനിവാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.സംസ്ഥാനത്ത് മെയിൽ 182 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ഉപയോഗിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മാസ്‌ക് നിർബന്ധം ആക്കിയിട്ടുണ്ട്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണമെന്നും, ആരോഗ്യപ്രവർത്തകർ മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചു. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചാൽ റഫര്‍ ചെയ്യുന്ന നടപടിയുണ്ട്. ഇതു ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഓമിക്രോൺ ജെഎൻ-1 വകഭേദങ്ങളുടെ ഉപവിന്യാസങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണ്. സ്വയം പ്രതിരോധശേഷി ശക്തമാക്കുന്നത് ഏറ്റവും പ്രധാനമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങൾ എന്നിവയും ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) യോഗത്തിൽ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice