വീണ്ടും ഫസ്റ്റ് ഗിയറിലിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ, 72,500ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 72,480 രൂപയിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം മാസാദ്യം മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1500 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് നാലുദിവസത്തിനിടെ 800 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറാന്‍ തുടങ്ങിയത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.