Latest Updates

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എഐ ഹബ്ബ് സ്ഥാപിക്കുന്നതിനായി അടുത്ത 5 വര്‍ഷം 1500 കോടി യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍. അദാനി ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കാണ് ഗൂഗിള്‍ വന്‍തുക നിക്ഷേപിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന എഐ ഹബ്ബ് അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ഹബ്ബായിരിക്കും. 1-ജിഗാവാട്ട് ഡാറ്റാ സെന്റര്‍ ക്യംപസ്, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് നെറ്റ്വര്‍ക്ക് എന്നിവയാണ് പദ്ധതിലുള്ളതെന്നു ഗൂഗിള്‍ പറഞ്ഞു. യുഎസിന് പുറത്ത് തങ്ങള്‍ നിക്ഷേപിക്കാന്‍ പോകുന്ന ഏറ്റവും വലിയ എഐ ഹബ്ബാണിതെന്ന് ഔപചാരിക കരാറില്‍ ഒപ്പുവെക്കുന്ന പരിപാടിയില്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍ പറഞ്ഞു. ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026 ന് മുന്നോടിയായി ഗൂഗിള്‍ സംഘടിപ്പിച്ച ചെയ്ത 'ഭാരത് എഐ ശക്തി' എന്ന പരിപാടിയിലാണ് പ്രഖ്യാപനം. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിശാഖപട്ടണത്ത് ആദ്യത്തെ ഗൂഗിള്‍ എഐ ഹബ്ബ് യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ സംരംഭങ്ങളിലേക്കും ഉപയോക്താക്കളിലേക്കും തങ്ങളുടെ പ്രമുഖ സാങ്കേതികവിദ്യ എത്തിച്ച് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും,' ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. അദാനി എന്റര്‍പ്രൈസസും സംയുക്ത സംരംഭമായ അദാനികോണ്‍എക്‌സും വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റര്‍ ക്യംപസും പുതിയ ഗ്രീന്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറും വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice