വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടും. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഹൃദയാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ശിവഗിരിയിലെ സന്യാസി സംഘം ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മകൻ വി എ അരുൺ കുമാറിനോട് അന്വേഷിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും നേരത്തെ ആശുപത്രിയിലെത്തിയിരുന്നു.