Latest Updates

തിരുവനന്തപുരം: പാല്‍വില വര്‍ധിപ്പിക്കുന്നതില്‍ മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മൂതല്‍ നാലരൂപ വരെ വര്‍ധനയാണ് ആലോചനയില്‍. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരത്തെ പട്ടത്തെ ഹെഡ് ഓഫീസില്‍ ഇന്ന് പതിനൊന്ന് മണിക്കാണ് മൂന്ന് മേഖല യൂണിയനുകളിലെ ചെയര്‍മാന്‍മാര്‍, എംഡിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വില കൂട്ടല്‍ സര്‍ക്കാര്‍ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാര്‍ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ. ഉത്പാദന ചെലവിന് ആനുപാതിക വര്‍ധന തിരുവനന്തപുരം യൂണിയന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല. പാലിന് 2019 സെപ്റ്റംബറില്‍ നാല് രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറ് രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രുപയാണ്. പ്രതിദിനം 17ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ മില്‍മ വില്‍ക്കുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും ആനൂപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും. മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തില്‍ പാല്‍ വില കൂടുതലാണ്.

Get Newsletter

Advertisement

PREVIOUS Choice