മിഥുന്റെ മരണം; തേവലക്കര സ്കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ട തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തേവലക്കര സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ ആകസ്മിക വേര്‍പാട് കേരളത്തെയാകെ ദുഃഖത്തില്‍ ആഴ്ത്തിയ സംഭവമാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനേജര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. മാനേജര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി വ്യക്തമാക്കി.