ബിന്ദുവിന്റെ മരണത്തിന് ശേഷം കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീണ സംഭവത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനുള്ള റിപ്പോർട്ട് ജില്ലാ കലക്ടർ ജോൺ വി സാമുവൽ ഇന്ന് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കലക്ടർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം പ്രഖ്യാപിക്കപ്പെടുക. ഇതുസംബന്ധിച്ച തീരുമാനം അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ബിന്ദു മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരുന്നു. 'ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ 'ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും'- കുറിപ്പില്‍ പറയുന്നു. അതേസമയം, സംഭവത്തെ തുടർന്ന് പ്രതിപക്ഷ സംഘടനകൾ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസും ബിജെപിയുടെ യുവമോർച്ചയും ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ രാജി ആവശ്യം സിപിഎം തള്ളി. മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.