Latest Updates

ഫ്ലോറിഡ: 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും യുപി സ്വദേശിയുമായ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും. ഇന്ത്യന്‍ സമയം വൈകിട്ട് 3 മണിയോടെ, തെക്കന്‍ കാലിഫോര്‍ണിയയിലെ പസഫിക് സമുദ്രത്തിലാണ് ആക്സിയം 4 ദൗത്യ സംഘത്തെ വഹിച്ച ക്രൂ ഡ്രാഗണ്‍ പേടകം ഭൂമിയില്‍ എത്തുന്നത്. പെഗ്ഗി വിറ്റ്സന്‍ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് ശുഭാംശുവിന്റെ സഹയാത്രികര്‍. ഇവരെ അത്യാധുനിക സംവിധാനങ്ങളോടെ യു.എസ്. നാവികസേന വീണ്ടെടുത്ത് കപ്പലിലൂടെയാണ് കരയിലെത്തിക്കുന്നത്. പിന്നീട് ഇവരെ ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോകും, ഇവിടെ ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ വിശ്രമം നൽകും. അതിനുശേഷം ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തും. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 4.45നാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ആശയവിനിമയത്തിലെ ചെറുതായുള്ള തടസ്സം കാരണം 10 മിനിറ്റ് വൈകിയാണ് അൺഡോക്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. പൂർണ്ണമായും സ്വയംനിയന്ത്രിതമായാണ് ഡ്രാഗൺ പേടകം ഭൂമിയിലേക്ക് സഞ്ചരിക്കുന്നത്. 22 മണിക്കൂറോളം ഭൂമിയെ വലയം ചെയ്ത ശേഷം പേടകം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. 550 കോടി രൂപയാണ് ശുഭാംശുവിന്റെ ബഹിരാകാശ യാത്രയ്ക്കായി ഇന്ത്യ ചെലവിട്ടത്. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനായി ശുഭാംശു ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ അഭിമാന പദ്ധതികളായ ഗഗൻയാൻ (2027)യും ഭാരതീയ അന്തരീക്ഷ് ഭവൻ സ്‌പേസ് സ്റ്റേഷനും പോലുള്ള ഭാവി ദൗത്യങ്ങള്‍ക്കായി ശുഭാംശുവിന്റെ അനുഭവങ്ങൾ ഏറെ നിര്‍ണായകമാകും. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം പൂര്‍ത്തീകരിച്ചു. ഏഴെണ്ണം ഐഎസ്ആര്‍ഒയുടേതാണ്. വിത്തുമുളപ്പിക്കൽ, അസ്ഥികളുടെയും പേശികളുടെയും ബഹിരാകാശത്തെ പ്രവർത്തനം, മൈക്രോആൽഗകൾ ഗുരുത്വാകർഷണമില്ലായ്മയോട്‌ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി ഐഎസ്ആർഒയ്ക്കുവേണ്ടി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു ബഹിരാകാശ നിലയത്തിൽ പൂർത്തിയാക്കിയെന്ന് ഐഎസ്‌ആർഎ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice