Latest Updates

കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്‌ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്‍പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷന്‍ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലര്‍ച്ചെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

Get Newsletter

Advertisement

PREVIOUS Choice