Latest Updates

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് ആദ്യം അറിഞ്ഞതും സ്ഥലത്ത് എത്തിയതുമെന്ന് അന്വേഷണ സംഘം ആരാഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് വളരെപ്പെട്ടെന്ന് ഇടപെടേണ്ടതിനാല്‍ അവിടെ എത്തിയെന്നും സുരേഷ് ഗോപി മൊഴി നല്‍കി. പൂരം അലങ്കോലപ്പെടുന്ന സമയത്ത് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു സുരേഷ് ഗോപി പൂരനഗരിയിലെത്തിയത്. സംഭവത്തില്‍ അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിക്കെതിരെ സിപിഐയും തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘപരിവാറിന്റെ ഗൂഢാലോചന പൂരം കലക്കലിന് പിന്നില്‍ ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു. പ്രദേശത്ത് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിക്ക് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്നാണ് വി എസ് സുനില്‍കുമാര്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്നാണ് സൂചന.  മൂന്ന് തലങ്ങളില്‍ നീണ്ട അന്വേഷണത്തില്‍ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോഴത്തെ തുടര്‍നടപടി. ഇതിന്റെ അന്തിമഘട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം പ്രവേശിച്ചിരിക്കുന്നത്.  

Get Newsletter

Advertisement

PREVIOUS Choice