പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഇന്ന് സമാപിക്കും; സമാപന സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപനത്തിലേക്ക്. തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ടും സമ്മേളനത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. സമാപന ചടങ്ങിന് മുന്നോടിയായി രാവിലെ 10.30ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാതല സംവാദയോഗം നടന്നു. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 500 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്‍. അനിലും അറിയിച്ചു.