Latest Updates

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികള്‍ ഏര്‍പ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിച്ചതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. പുതുക്കിയ ടോള്‍ ആയിരിക്കുമോ ഇനി മുതല്‍ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ തിങ്കളാഴ്ചത്തെ ഉത്തരവിനു ശേഷം മാത്രമേ വ്യക്തമാകൂ. ദേശീയപാതയില്‍ വിവിധയിടങ്ങളിൽ അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആറുമുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോള്‍ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേശീയപാതയില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും സര്‍വീസ് റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഇടപെടല്‍. ഇതിനെതിരെ കരാര്‍ കമ്പനിയും എന്‍എച്ച്‌ഐയും സുപ്രീം കോടതി വരെ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ദേശീയപാതയിലെ ഗതാഗതക്കുരുക്കുകള്‍ പരിഹരിച്ചു എന്നും സര്‍വീസ് റോഡുകള്‍ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിച്ചിരുന്നെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഗതാഗത മാനേജ്‌മെന്റ് സമിതിയുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യത്തില്‍ കോടതി ആശ്രയിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടു. ദിവസം 300 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് ശമ്പളം കൊടുക്കണമെന്നും മറ്റു ചെലവുകള്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ടോള്‍ ഇനത്തില്‍ ഒരു രൂപ പോലും വരുമാനമില്ലെന്നും ഇവര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്നും എന്നാല്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കിയത്. അതിനിടെ ടോള്‍ നിരക്ക് ദേശീയപാത അതോറിറ്റി പരിഷ്‌കരിച്ചിരുന്നു. വാര്‍ഷിക വര്‍ധനവാണ് വരുത്തിയിരിക്കുന്നത് എന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെയാണ് ടോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ 90 രൂപ നല്‍കിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല.

Get Newsletter

Advertisement

PREVIOUS Choice