Latest Updates

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുണ്ട്. നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ മൂന്നുകിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച നാട്ടുകല്‍ സ്വദേശിനിയായ 38 കാരി ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ആരംഭിച്ചത്. ഇവര്‍ മൂന്നുസ്ഥലങ്ങളിലാണ് ചികിത്സ തേടിയത്. ആദ്യം വീടിന് സമീപത്തുള്ള പാലോട്, തുടര്‍ന്ന് കരിങ്കല്‍ അത്താണി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു. രോഗശമനം ഉണ്ടാകാതിരുന്നതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്. മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. സമീപത്തു തന്നെയാണ് ബന്ധുവീടുകള്‍. അതുകൊണ്ട് തന്നെ ഹൈ റിസ്‌ക് പട്ടികയില്‍ നൂറിലേറെ പേര്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകരയിലെ 7,8,9,11 വാര്‍ഡുകള്‍, കരിപ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice