Latest Updates

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഒരുമാസം കൊണ്ട് പച്ചക്കറികളുടെ വില 20 മുതല്‍ 60 ശതമാനം വരെയാണ് ഉയര്‍ന്നത്. വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറി വിലകള്‍ കൂടി ഉയര്‍ന്നതോടെ മലയാളിയുടെ അടുക്കള ബജറ്റ് താളം തെറ്റി. ഉത്പാദനത്തിലെ കുറവാണ് പച്ചക്കറി വിലക്കയറ്റത്തിന് ഇടയാക്കിയത്. കാലാവസ്ഥ വ്യതിയാനമാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. ജൂലൈ ഒന്നിന് എറണാകുളത്തെ ചില്ലറ വിപണയില്‍ കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരുമാസം കൊണ്ട് 80 -100 രൂപയിലേക്കും ഉയര്‍ന്നു. വെളുത്തുള്ളി വിലയും മുന്നേറുകയാണ്. കിലോയ്ക്ക് 120 -140 രൂപയിലാണ് വ്യാപാരം. എന്നാല്‍ വലിയ വെളുത്തുള്ളിക്ക് വില ഇതിലും കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു. കാരറ്റിന് 20 ശതമാനം വില ഉയര്‍ന്ന് 80 രൂപയിലെത്തി. തക്കാളി കിലോയ്ക്ക് 40രൂപ ഉണ്ടായിരുന്നിടത്ത് ഒരുമാസം കൊണ്ട് 60 രൂപയിലെത്തി. ഗ്രാമപ്രദേശങ്ങളില്‍ വില ഇതിലും കൂടുതലാണ്. അതേസമയം, മുരിങ്ങിക്കായ, വില പകുതിയലധികം കുറഞ്ഞ് 40 രൂപയായി. സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ വലിയ വ്യത്യാസങ്ങള്‍ പ്രകടമല്ല. സവാള കിലോയ്ക്ക് 30 രൂപയും ഉരുളക്കിഴങ്ങിന് 45രൂപയിലുമാണ് എറണാകുളത്തെ വ്യാപാരം. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത്. ആഭ്യന്തരവിപണയില്‍ ഉത്പാദനം ഉണ്ടെങ്കിലും പ്രധാന ആശ്രയം അയല്‍ സംസ്ഥാനങ്ങളെയാണ്. ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുന്‍പേ വില ഉയര്‍ന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ഇനിയും വൈകുന്ന സാഹചര്യമാണ്. അതിനാല്‍ വില ഇനിയും കുതിക്കാനുള്ള സാധ്യത കൂടുതലാണ്.

Get Newsletter

Advertisement

PREVIOUS Choice