നിമിഷ പ്രിയയുടെ മോചനം: കേന്ദ്രത്തിന് വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കം; സുപ്രീംകോടതിയില്‍ ഹര്‍ജി ഇന്ന് പരിഗണ
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ (38) രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കാനിരിക്കെ, മോചനത്തിനായുള്ള നയതന്ത്ര ഇടപെടല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടികള്‍ സ്വീകരിച്ചതെന്ന് വിശദീകരിച്ചേക്കും. നിമിഷയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും കത്തയച്ചിരുന്നു. ബഹുമുഖ ഇടപെടലുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി യെമനുമായി അടുത്ത ബന്ധമുള്ള മറ്റ് അറബ് രാജ്യങ്ങളുടെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം, നിമിഷയുടെ അമ്മയുമായും യെമനില്‍ ഉള്ള ഇന്ത്യന്‍ സമൂഹവുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ആശയവിനിമയം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യെമനില്‍ നയതന്ത്ര ഇടപെടല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. തലസ്ഥാന നഗരമായ സന നിലനില് ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തില്‍ അറബ് രാഷ്ട്രങ്ങളുടെ ഇടപെടലിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. നേരത്തെ സൗദി അറേബ്യയിലൂടെ വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ പുരോഗതി ഉണ്ടായില്ല. പിന്നീട് ഇറാന് മുഖേനയും ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിദേശ ഇടപെടലിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നത്. ഇതിനിടെ, വധശിക്ഷ താത്കാലികമായി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ യെമനിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനോട് ബന്ധപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സ്വീകരിക്കുന്ന നിലപാടാണ് നിമിഷയുടെ ഭാവിയെ നിര്ണയിക്കാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.