നിപ പ്രതിരോധത്തില്‍ നിര്‍ണായക ദിനങ്ങള്‍: 173 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍, രോഗിയുടെ നില ഗുരുതരം
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിക്ക് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. രണ്ടാമത്തേത് ഇന്ന് രാവിലെ ഏഴരയ്ക്ക് നല്‍കി. ഈ ഘട്ടത്തില്‍ രോഗവ്യാപനം തടയുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. പാലക്കാട് ജില്ലയില്‍ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന നിപ കേസാണ് ഇത്. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 173 പേരുണ്ടെന്ന് മന്ത്രി പറഞ്ഞു. അതില്‍ 100 പേര്‍ പ്രൈമറി കോണ്‍ടാക്ട്, 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍, 48 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍, 73 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ട് വിഭാഗത്തിലാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരില്‍ 12 പേരാണ് ഇപ്പോള്‍ ഐസൊലേഷനില്‍ ഉള്ളത്. മലപ്പുറത്തെ മൗലാന ആശുപത്രിയിലായിരുന്ന രോഗിയെ ആദ്യ ഡോസ് നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രോഗിയായ അമ്മയും മകനും ഐസൊലേഷനിലാണെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വെലന്‍സ്, പനി പരിശോധന തുടങ്ങിയ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പനി ബാധയുള്ള ആളുകളെ കണ്ടെത്തി വ്യാപനം തടയുകയാണ് ലക്ഷ്യം. നിപ പകരാനുള്ള ഏറ്റവും വലിയ സാധ്യതയുള്ള ഘട്ടത്തിലൂടെയാണ് രോഗി കടന്നുപോയതെന്നും അതിനാല്‍ ഈ ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രദേശത്തെ വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.