Latest Updates

ന്യൂഡല്‍ഹി: നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ലോക്‌സഭയില്‍ പാസായി. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്തെ കായികമേഖലയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബില്ലിനെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സായത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കായികരംഗത്തുണ്ടായ ഏറ്റവും വലിയ പരിഷ്‌കാരമാണിത്. ഈ ബില്‍ കായിക ഫെഡറേഷനുകളില്‍ ഉത്തരവാദിത്തവും നീതിയും മികച്ച ഭരണവും ഉറപ്പാക്കും, മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയുടെ കായികരംഗത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടാകും. ഇത്രയും പ്രധാനപ്പെട്ട ഒരു ബില്ലില്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായിക മേഖലയില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭ്യമാകണമെങ്കില്‍ എല്ലാ ദേശീയ കായിക ഫെഡറേഷനുകളും ദേശീയ കായിക ബോര്‍ഡിന്റെ അംഗീകാരം നേടിയിരിക്കണം. കായിക ഫെഡറേഷനുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിലും കായികമത്സരങ്ങളിലേക്കുള്ള താരങ്ങളെയും അത്‌ലറ്റുകളെയും തെരഞ്ഞെടുക്കുന്നതിലും തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ സിവില്‍ കോടതിയുടെ അധികാരങ്ങളോടുകൂടിയ ദേശീയ കായിക ട്രിബ്യൂണല്‍ രൂപവത്കരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ദേശീയ ഉത്തേജക ഔഷധവിരുദ്ധ ഏജന്‍സിക്ക് (നാഡ) സ്വയംഭരണാധികാരം ഉറപ്പുവരുത്തുന്നതാണ് ദേശീയ ഉത്തേജകവിരുദ്ധ ഭേദഗതി ബില്‍.

Get Newsletter

Advertisement

PREVIOUS Choice