തീവ്രന്യൂനമര്‍ദം: ചുഴലിക്കാറ്റിന് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. അതേസമയം അറബിക്കടലിയും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. തിങ്കളാഴ്ചയോടെ ചുളലിക്കാറ്റാകാനും സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായാണ് തീവ്രന്യൂനമര്‍ദം രൂപപ്പെട്ടത്. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഒക്ടോബര്‍ 25-നകം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനും, ഒക്ടോബര്‍ 26-നകം തീവ്രന്യൂനമര്‍ദമായും, തുടര്‍ന്ന് ഒക്ടോബര്‍ 27-നു രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയൃുണ്ടെന്നാണ് മുന്നറിയിപ്പ്. ഒക്ടോബര്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങള്‍, മധ്യ കിഴക്കന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.






