ഗുരു സമാധി ശതാബ്ദി ആചരണം: വര്‍ക്കലയില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം തുടരുന്നു. രാവിലെ 10ന് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ശ്രീനാരായണ ഗുരു മഹാസമാധിയുടെ രണ്ടുവര്‍ഷം നീളുന്ന ശതാബ്ദി ആചരണ സമ്മേളനവും രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യും. ശിവഗിരി തീര്‍ത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിലാണ് സമ്മേളനം. പകല്‍ 12.40 ന് വര്‍ക്കല ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതി 12.50ന് മഹാസമാധിയിലെത്തും. 1.30 വരെയാണ് സമ്മേളനം. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മന്ത്രിമാരായ വി എന്‍ വാസവന്‍, വി ശിവന്‍കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, വി ജോയി എംഎല്‍എ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 2.50ന് ശിവഗിരിയില്‍നിന്ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശിവഗിരിയിലും ഹെലിപ്പാഡിലും പരിശോധന നടത്തി. വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പകല്‍ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.