Latest Updates

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ സഹോദരനാണ് രോ​ഗം സ്ഥീരീകരിച്ചത്. ഇന്നു നടത്തിയ പരിശോധനയിലാണ് രോ​ഗബാധ കണ്ടെത്തിയത്. പനി അടക്കമുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഏഴു വയസ്സുള്ള കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും, ആരോ​ഗ്യനില തൃപ്തികരമാണെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. വീടിന് സമീപത്തെ കുളത്തിൽ കുട്ടിയും കുളിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നു വയസ്സുകാരിക്ക് ഇന്നലെ രോ​ഗം സ്ഥീരികരിച്ചിരുന്നു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പതിനൊന്നു വയസുകാരിക്കാണ് മൈക്രൊബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ കുട്ടിക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ് കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അന്നശ്ശേരി സ്വദേശിയായ 49 കാരനും ചികിത്സയിൽ തുടരുകയാണ്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാംക്ലാസുകാരി അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധന നടത്തി.

Get Newsletter

Advertisement

PREVIOUS Choice