Latest Updates

തിരുവനന്തപുരം: ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. ഉച്ചയ്ക്ക് 3.20നായിരുന്നു അന്ത്യം കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവഗുരുതമാണെന്നറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു. വിഎസിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്. ജീവിത പ്രയാസങ്ങളുടെ കനല്‍വഴി താണ്ടിയാണ് വിഎസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായത്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വിഎസിന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വിഎസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജനനം. ചെറുപ്പം മുതല്‍ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാം കൂടെയുണ്ടായിരുന്നു. നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്റെ തയ്യല്‍ക്കടയില്‍ സഹായിയായി. പിന്നീട് ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായ വിഎസ് 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. 1940 ല്‍ 17-ാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വിഎസ് പിന്നീട് സിപിഎം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായിരുന്നു വിഎസ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും ഉയര്‍ന്നു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയര്‍ത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നല്‍കുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു. പുന്നപ്ര വയലാര്‍ സമര ഘട്ടത്തില്‍ തന്നെ ശ്രദ്ധേയനായിരുന്നു വി എസ്. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളില്‍ ആ സമരോത്സുകത പടര്‍ന്നു.തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും വലിയ നഷ്ടമാണ് വിഎസിന്റെ മരണത്തിലൂടെയുണ്ടാകുന്നത്.

Get Newsletter

Advertisement

PREVIOUS Choice